Pages

Friday, June 22, 2012

സത്യത്തിന്റെ സത്യം

സത്യങ്ങൾ തേങ്ങ പോലയാണ്. ഉള്ളിലെ മധുരം കിട്ടാൻ ഒരുപാട് കഷ്ടപ്പെടണം. തൊണ്ടും ചകിരിയും കളഞ്ഞ് വ്യത്തിയാക്കി ചിരട്ട പൊട്ടിച്ച് കിട്ടുന്ന സത്യത്തിന് വെളുപ്പിന്റെ കട്ടിയും വെള്ളത്തിന്റെ സുതാര്യതയും ഉണ്ടായിരിക്കും. ചിലതിന് അതിമധുരവും രുചിയും കാണും. ചിലതിന് ദുർഗന്ധവും ചവർപ്പുമായിരിക്കും. എന്തായാലും ആ മധുരം നുണയുന്നതിനും ആ അരുചിയുമായും ദുർഗന്ധവുമായി പഴകുന്നതിനും സത്യത്തെ പ്രണയിച്ചേ മതിയാകൂ. സത്യം തെങ്ങിലെ തേങ്ങ പോലെ തലമുകളിൽ ഗുരുത്വാകർഷണത്തോട് മല്ലടിച്ച് ഇളം കാറ്റിലാടി തൂങ്ങി കിടക്കുന്നു. വിശക്കുന്നവന്റെ മുന്നിൽ ഭക്ഷണമായും നിർഭാഗ്യവാന്റെ തലയിൽ ഇടിത്തീയായും എപ്പോൾ വേണമെങ്കിലും ഞാൻ വീഴാൻ തയ്യാറെന്ന മട്ടിൽ. സത്യം വയിറിളക്കത്തിന് മരുന്നുമാകും നാടൻ ചാരായത്തിന്റെ കട്ടിയും കുറയ്ക്കും. അത് കാലങ്ങളോളം തട്ടിൻ മുകളിൽ ഉണങ്ങി പൊടി പിടിച്ച് കിടക്കുകയും ചെയ്യും. കാലങ്ങൾക്ക് ശേഷം സാഹചര്യം അനുകൂലമാകുമ്പോൾ മുളപൊട്ടി മാനം മുട്ടേ വളർന്ന് അനേകായിരം സത്യങ്ങൾക്ക് ജൻമം നൽകി നമുക്ക് മുന്നിൽ തലയാട്ടി നിൽക്കും. സത്യത്തിൽ എത്താൻ ഒരുപാട് കഷ്ടപ്പെടെണം. തളപ്പിട്ടോ, പൊത്തി പിടിച്ചോ, കൊത വെട്ടിയോ, യന്ത്രം ഉപയോഗിച്ചോ നമ്മൾക്ക് സത്യത്തിലെത്താം. എന്തു വഴി ഉപയോഗിക്കുന്നു എന്നതിലല്ല അവസാനം നാം എവിടെ എത്തുന്നു എന്നതിലാണ് കാര്യം. കാരണം എല്ലാ വഴിയുടെയും ശരിയായ അവസാനം സത്യത്തിലാണ്. ജീവിത സാഹചര്യങ്ങളാൽ സത്യത്തിൽ നിന്നും നാം മാറി സഞ്ചരിച്ചാലും അവസാനം ജീവിതത്തിന്റെ യഥാർത്ഥ സത്യത്തിലെത്തിയേ മതിയാകൂ...... മരണം. അതാണ് മനുഷ്യന്റെ മുൻപിലെ ഏറ്റവും വലിയ സത്യം. മേൽ പറഞ്ഞ വഴികലൂടെ നാം സത്യത്തിലെത്താൻ ശ്രമിക്കുമ്പോൾ ഒന്ന് ശ്രദ്ധ മാറിയാൽ മതി പ്രപഞ്ചത്തിലെ ഏറ്റവും വലിയ സത്യം നമ്മുടെ മുന്നിൽ വാ പിളർന്ന് നിൽക്കുന്നത് കാണാം. സത്യത്തിന് വെള്ളം കോരിയും വളമിട്ടും വളർത്തുക എന്നതാണ് എല്ലാ മനുഷ്യ ജീവിതത്തിന്റെയും ലക്ഷ്യം. അതിൽ നിന്നും വ്യതിചലിക്കുന്ന ഓരോ മനുഷ്യനും കല്പവ്യക്ഷത്തിന്റെ ഗുണമറിയാത്ത കർഷകന് തുല്യമാണ്. സത്യത്തിന് തടം വെട്ടാൻ, വെള്ളം കോരാൻ, വളം ഇടാൻ നമ്മുടെ പുതു തലമുറ മറക്കുന്നതാണ് ഈ നാടിന്റെ നിലവിലെ ശാപം. പകരം കള്ളങ്ങളുറ്റെ ബി.റ്റി. വിത്തുകൾക്ക് വളമിടാനാണ്  എല്ലാവർക്കും താല്പര്യം. കള്ളം എന്നും ഒരു മായമാണ് തൊണ്ടും ചിരട്ടയും ഇല്ലാത്ത തേങ്ങ പോലെ. സത്യത്തിന്റെ തൈ നടുവാൻ തടം ഒരുക്കി കാത്തിരിക്കുന്നവരുടെ കലിന്നടിയിലെ മണ്ണൊലിച്ചു പോകുന്നത് കാണാനിടവരരുതേ എന്നാഗ്രഹിച്ച് കൊണ്ട് നിർത്തുന്നു.